Month: സെപ്റ്റംബർ 2021

നമുക്കു തോന്നുന്നതെന്തെന്നു ദൈവം അറിയുന്നു

പരിഭ്രാന്തയായ സിമ്രാ, തന്റെ മകന്റെ ആസക്തിയോടുള്ള പോരാട്ടത്തെക്കുറിച്ചു വ്യസനിച്ചു. ''എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു,'' അവൾ പറഞ്ഞു. ''പ്രാർത്ഥിക്കുമ്പോൾ എനിക്കു കരച്ചിൽ നിർത്താൻ കഴിയാത്തതിനാൽ എനിക്ക് വിശ്വാസമില്ലെന്ന് ദൈവം കരുതുന്നുണ്ടോ?''

''ദൈവം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല,'' ഞാൻ പറഞ്ഞു. ''എന്നാൽ യഥാർത്ഥ വികാരങ്ങൾ കൈകാര്യം ചെയ്യാൻ അവനു കഴിയുമെന്ന് എനിക്കറിയാം. നമുക്ക് തോന്നുന്നത് എന്താണെന്ന് അവനറിയാത്തതുപോലെയല്ല അത്.'' മകന്റെ വിടുതലിനായി ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഞാൻ സിമ്രയോടൊപ്പം പ്രാർത്ഥിക്കുകയും കണ്ണുനീർ ഒഴുക്കുകയും ചെയ്തു.

കഷ്ടതയനുഭവിക്കുന്ന ആളുകൾ ദൈവവുമായി മല്ലടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ തിരുവെഴുത്തിൽ അടങ്ങിയിരിക്കുന്നു. 42-ാം സങ്കീർത്തനത്തിന്റെ രചയിതാവ് ദൈവത്തിന്റെ സ്ഥിരവും ശക്തവുമായ സാന്നിധ്യത്തിന്റെ സമാധാനം അനുഭവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നു. താൻ സഹിച്ച ദുഃഖത്തെക്കുറിച്ചുള്ള കണ്ണീരും വിഷാദവും അവൻ അംഗീകരിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവൻ സ്വയം ഓർമ്മിപ്പിച്ചുകൊണ്ട്, അവന്റെ ആന്തരിക സംഘർഷങ്ങൾ ആത്മവിശ്വാസത്തോടെയുള്ള സ്തുതിയിലേക്കു നയിക്കുന്നു. തന്റെ ''ആത്മാവിനെ'' പ്രോത്സാഹിപ്പിച്ച് സങ്കീർത്തനക്കാരൻ എഴുതുന്നു, ''ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവൻ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11). ദൈവത്തെക്കുറിച്ച് സത്യമെന്ന് അവനറിയുന്ന കാര്യങ്ങളും അവന്റെ അമിതമായ വികാരങ്ങളുടെ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യവും തമ്മിൽ വലിയ വടംവലി നടക്കുന്നു. 

ദൈവം നമ്മെ വികാരങ്ങളോടുകൂടി തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു. മറ്റുള്ളവർക്കുവേണ്ടിയുള്ള നമ്മുടെ കണ്ണുനീർ വിശ്വാസത്തിന്റെ അഭാവത്തെയല്ല, ആഴത്തിലുള്ള സ്‌നേഹവും അനുകമ്പയും ആണു വെളിപ്പെടുത്തുന്നത്. കരിയാത്ത മുറിവുകളോ, പഴയ മുറിപ്പാടുകളോ കൊണ്ട് നമുക്ക് ദൈവത്തെ സമീപിക്കാം. ഓരോ പ്രാർത്ഥനയും, നിശ്ശബ്ദമോ, ഏങ്ങലടിച്ചുള്ളതോ, ആത്മവിശ്വാസത്തോടെയുള്ള ആർപ്പോ, ആയിരുന്നാലും നമ്മെ കേൾക്കാമെന്നും പരിപാലിക്കാമെന്നുമുള്ള അവന്റെ വാഗ്ദത്തത്തിലുള്ള നമ്മുടെ വിശ്വാസത്തെ പ്രകടമാക്കുന്നു.

അത് ഒക്കെയും

എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും, എന്റെ കുടുംബം കാണുന്ന ദേശീയ വാർത്തകൾ പ്രോത്സാഹജനകമായ ഒരു മികച്ച കഥ ഉയർത്തിക്കാട്ടിയാണ് പ്രക്ഷേപണം അവസാനിപ്പിക്കുന്നത്. ബാക്കി വാർത്തകളിൽ നിന്ന് വ്യത്യസ്തമായി, ഇത് എല്ലായ്‌പ്പോഴും ശുദ്ധവായു ശ്വസിക്കുന്നതുപോലെയാണ്. അടുത്ത കാലത്തെ ''ദുഃഖ''വെള്ളിയാഴ്ചത്തെ കഥ, കോവിഡ് ബാധിച്ചശേഷം പൂർണ്ണമായി സുഖം പ്രാപിച്ചശേഷം വൈറസിനെതിരായ പോരാട്ടത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ച ഒരു റിപ്പോർട്ടറെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ആ സമയത്ത്, ആന്റിബോഡികൾ എത്രത്തോളം ഫലപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടിരുന്നില്ല. എന്നാൽ നമ്മിൽ പലരും നിസ്സഹായരായി നിൽക്കുകയും പ്ലാസ്മ ദാനം ചെയ്യുന്നതിന്റെ (സൂചിയിലൂടെ) അസ്വസ്ഥതയുടെ വെളിച്ചത്തിൽ അതിനു തുനിയാതിരിക്കുകയും ചെയ്യുമ്പോൾ, അവൾക്ക് തോന്നിയത് ''തനിക്കു ലഭിച്ചതിന് പ്രതിഫലം നൽകാനുള്ള ഒരു ചെറിയ ശ്രമം മാത്രമായിരുന്നു.''

ആ വെള്ളിയാഴ്ച സംപ്രേഷണത്തിനുശേഷം, എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രോത്സാഹനം ലഭിച്ചു—പ്രതീക്ഷയാൽ നിറയപ്പെട്ടു എന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു. ഫിലിപ്പിയർ 4 ൽ പൗലൊസ് വിവരിച്ച ''അത് ഒക്കെയും'' എന്നതിന്റെ ശക്തിയാണത്: ''സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സത്ഗുണമോ പുകഴ്ചയോ അത് ഒക്കെയും'' (വാ. 8). പ്ലാസ്മ സംഭാവന പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നോ? തീർച്ചയായും ഇല്ല. എന്നാൽ, ആവശ്യമുള്ള ഒരാൾക്കുവേണ്ടി ത്യാഗപരമായി നൽകുന്നതിനെക്കുറിച്ച് അവൻ മനസ്സിൽ കരുതിയിരുന്നോ—മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രിസ്തുതുല്യമായ പെരുമാറ്റം? ഉത്തരം അതേ എന്നതിൽ എനിക്ക് സംശയമില്ല. 

എന്നാൽ ആ പ്രത്യാശയുള്ള വാർത്ത പ്രക്ഷേപണം ചെയ്തിരുന്നില്ലെങ്കിൽ അതിന്റെ പൂർണ്ണ ഫലം ഉണ്ടാകുമായിരുന്നില്ല. നമുക്ക് ചുറ്റുമുള്ള ''അതൊക്കെയും'' ശ്രദ്ധിക്കുകയും കേൾക്കുകയും തുടർന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുമായി ആ സുവാർത്ത പങ്കുവയ്ക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ നന്മയുടെ സാക്ഷികളെന്ന നിലയിൽ നമ്മുടെ പദവിയാണ്. 

സ്വാതന്ത്ര്യത്തിൽ ഉല്ലസിക്കുന്നു

മൂന്നാം തലമുറ കർഷകനായ ബാല, ''എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ ... നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും'' (മലാഖി 4:2) എന്ന ഭാഗം വായിച്ചപ്പോൾ വളരെ ആവേശഭരിതനായി. തന്റെ പശുക്കിടാക്കളെ തൊഴുത്തിൽനിന്ന് അഴിച്ചുവിടുമ്പോൾ അവ ആവേശപൂർവ്വം തുള്ളിച്ചാടുന്നത് ഓർമ്മിച്ചുകൊണ്ട്, യഥാർത്ഥ സ്വാതന്ത്ര്യം ദൈവം വാഗ്ദാനം ചെയ്യുന്നത് ബാല ശരിക്കും മനസ്സിലാക്കി.

ഞങ്ങൾ മലാഖി 4 ലെ ഈ ഉദാഹരണത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ബാലയുടെ മകൾ എന്നോട് ഈ കഥ പറഞ്ഞു. അവിടെ പ്രവാചകൻ ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുന്നവരോ അവനോട് വിശ്വസ്തത പുലർത്തുന്നവരോ ആയവരും തങ്ങളിൽതന്നേ ആശ്രയിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു (4:1-2). മതനേതാക്കൾ ഉൾപ്പെടെ അനേകർ ദൈവത്തെയും വിശ്വസ്ത ജീവിതത്തിനായുള്ള അവന്റെ മാനദണ്ഡങ്ങളെയും അവഗണിച്ച ഒരു സമയത്ത്, ദൈവത്തെ അനുഗമിക്കാൻ പ്രവാചകൻ യിസ്രായേല്യരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു (1:12-14; 3:5-9). ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ ദൈവം അന്തിമമായി ഒരു വ്യത്യാസം വെളിപ്പെടുത്താൻ പോകുന്നതിനാൽ വിശ്വസ്തതയോടെ ജീവിക്കാൻ മലാഖി ജനങ്ങളെ ആഹ്വാനം ചെയ്തു. ഈ സന്ദർഭത്തിൽ, ''നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കുമ്പോൾ'' വിശ്വസ്ത സമൂഹം അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തെ വിവരിക്കാൻ തുള്ളിച്ചാടുന്ന പശുക്കിടാവിന്റെ ചിത്രം ഉപയോഗിച്ചു (4:2).

ഈ വാഗ്ദത്തത്തിന്റെ ആത്യന്തിക നിവൃത്തിയായ യേശു, യഥാർത്ഥ സ്വാതന്ത്ര്യം എല്ലാ ആളുകൾക്കും ലഭ്യമാണെന്ന സുവാർത്ത എത്തിക്കുന്നു (ലൂക്കൊസ് 4:16-21). ഒരു ദിവസം, ദൈവത്തിന്റെ പുതുക്കിയതും പുനഃസ്ഥാപിച്ചതുമായ സൃഷ്ടിയിൽ, ഈ സ്വാതന്ത്ര്യം നാം പൂർണ്ണമായി അനുഭവിക്കും. അവിടെ ഉല്ലസിച്ചു തുള്ളിച്ചാടുന്നത് എത്ര അവർണ്ണനീയമായ സന്തോഷമായിരിക്കും!

തെറ്റിദ്ധാരണയില്ല

നമ്മുടെ വീടുകളിലെ സ്മാർട്ട് ഉപകരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള അലക്‌സാ, സിരി, മറ്റ് വോയ്‌സ് അസിസ്റ്റന്റുകൾ നാം പറയുന്നതിനെ ഇടയ്ക്കിടെ തെറ്റിദ്ധരിക്കാറുണ്ട്. ഒരു ആറു വയസ്സുകാരി തന്റെ കുടുംബത്തിന്റെ പുതിയ ഉപകരണത്തോട് കുക്കികളെയും ഒരു ഡോൾഹൗസിനെയും കുറിച്ച് സംസാരിച്ചു. പിന്നീട് അവളുടെ അമ്മയ്ക്ക് ഒരു ഇമെയിൽ ലഭിച്ചു, ഏഴ് പൗണ്ട് കുക്കികളും 170 ഡോളറിന്റെ ഡോൾഹൗസും അവളുടെ വീട്ടിലേക്ക് അയച്ചിട്ടുണ്ടത്രേ. ഒരിക്കലും ഓൺലൈനിൽ ഒന്നും വാങ്ങിയിട്ടില്ലാത്ത ഒരു ലണ്ടൻ നിവാസിയുടെ സംസാരിക്കുന്ന തത്ത, അവളുടെ അറിവില്ലാതെ സ്വർണ്ണ സമ്മാന ബോക്‌സുകളുടെ ഒരു പാക്കേജിന് ഓർഡർ കൊടുത്തു. ഒരു വ്യക്തി അവരുടെ ഉപകരണത്തോട് ''ലിവിംഗ് റൂം ലൈറ്റുകൾ ഓണാക്കാൻ'' ആവശ്യപ്പെട്ടു, ''ഇവിടെ പുഡ്ഡിംഗ് റൂം ഇല്ല'' എന്നത് മറുപടി നൽകി.

നാം ദൈവവുമായി സംസാരിക്കുമ്പോൾ അവന്റെ ഭാഗത്തുനിന്ന് അത്തരം തെറ്റിദ്ധാരണകളൊന്നുമില്ല. അവന് ഒരിക്കലും ആശയക്കുഴപ്പമുണ്ടാകുന്നില്ല, കാരണം നമ്മുടെ ഹൃദയങ്ങളെ നമ്മേക്കാൾ നന്നായി അവനറിയാം. ആത്മാവ് ഒരേസമയം നമ്മുടെ ഹൃദയത്തെ ശോധനചെയ്യുകയും ദൈവേഷ്ടം മനസ്സിലാക്കുകയും ചെയ്യുന്നു. നമ്മെ പക്വതയുള്ളവരാക്കുന്നതിനും നമ്മെ തന്റെ പുത്രനെപ്പോലെയാക്കുന്നതിനുമുള്ള തന്റെ നല്ല ഉദ്ദേശ്യത്തെ ദൈവം നിറവേറ്റുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് റോമിലെ സഭകളോട് പറഞ്ഞു (റോമർ 8:28). ''നമ്മുടെ ബലഹീനത'' നിമിത്തം വളരാൻ നമുക്ക് എന്താണ് വേണ്ടതെന്ന് നമുക്കറിയില്ലെങ്കിലും, ആത്മാവ് നമുക്കുവേണ്ടി ദൈവഹിതമനുസരിച്ച് പ്രാർത്ഥിക്കുന്നു (വാ. 26-27).

ദൈവത്തോട് എങ്ങനെ സ്വയം പ്രകടിപ്പിക്കുമെന്നതിനെക്കുറിച്ചു പ്രയാസപ്പെടുന്നുണ്ടോ? എന്ത് അല്ലെങ്കിൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് മനസ്സിലാകുന്നില്ലേ? ഹൃദയത്തിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത് പറയുക. ദൈവാത്മാവ് ദൈവഹിതം മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യും.

സത്യവും നുണകളും ജാഗ്രതയുള്ളവരും

2018 ലെ ബേസ്‌ബോൾ സീസണിൽ, ഒരു പരിശീലകൻ ഡഗൗട്ടിൽ ഇരിക്കുന്ന ഒരു പയ്യന് പന്തു നൽകാൻ ആഗ്രഹിച്ചു. എന്നാൽ കോച്ച് അവന്റെ നേർക്ക് എറിഞ്ഞ പന്ത് ഒരു മനുഷ്യൻ തട്ടിയെടുത്തു. ഇതിന്റെ വീഡിയോ വൈറലായി. വാർത്താ ഏജൻസികളും സോഷ്യൽ മീഡിയയും ഒരു മനുഷ്യന്റെ ഈ ക്രൂരതയെ അപലപിച്ചു. അതല്ലാതെ കാഴ്ചക്കാർക്ക് മുഴുവൻ കഥയും അറിയില്ലായിരുന്നു. നേരത്തെ, ആ കുട്ടിയെ ഒരു പന്തെടുക്കാൻ ആ മനുഷ്യൻ സഹായിച്ചിരുന്നു; അവരുടെ നേർക്കു വരുന്ന അധിക പന്തുകൾ പങ്കിടാൻ അവർ സമ്മതിച്ചിരുന്നു. നിർഭാഗ്യവശാൽ, യഥാർത്ഥ കഥ പുറത്തുവരാൻ ഇരുപത്തിനാലു മണിക്കൂർ എടുത്തു. നിരപരാധിയായ ഒരു മനുഷ്യനെ പൈശാചികവൽക്കരിച്ചുകൊണ്ട് ആൾക്കൂട്ടം അതിന്റെ നാശനഷ്ടങ്ങൾ ഇതിനകം നടത്തിയിരുന്നു.

പലപ്പോഴും, ഭാഗങ്ങൾ മാത്രം ഉള്ളപ്പോഴും നമുക്ക് മുഴുവൻ വസ്തുതകളും കൈയിലുണ്ടെന്ന് നാം കരുതുന്നു. നമ്മുടെ ആധുനിക എനിക്കെല്ലാം മനസ്സിലായി സംസ്‌കാരത്തിൽ, മുഴുവൻ കഥയും കേൾക്കാതെ നാടകീയമായ വീഡിയോകളുടെ ശകലങ്ങളും പ്രകോപിപ്പിക്കുന്ന ട്വീറ്റുകളും ഉപയോഗിച്ച്, ആളുകളെ അപലപിക്കുന്നത് എളുപ്പമാണ്. എന്നിരുന്നാലും, ''വ്യാജവർത്തമാനം പരത്തരുത്'' എന്നു തിരുവെഴുത്ത് മുന്നറിയിപ്പ് നൽകുന്നു (പുറപ്പാട് 23:1). ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് നുണപ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കി സത്യം സ്ഥിരീകരിക്കാൻ സാധ്യമായതെല്ലാം നാം ചെയ്യണം. ജാഗ്രത പുലർത്തുന്ന ഒരു ആത്മാവ് പിടിമുറുക്കുമ്പോഴും വികാരങ്ങൾ ആളിക്കത്തിക്കുമ്പോഴും ന്യായവിധിയുടെ തിരമാലകൾ ഉയരുമ്പോഴും നാം ജാഗ്രത പാലിക്കണം. ''ന്യായം മറിച്ചുകളയുവാൻ ബഹുജനപക്ഷം ചേരുന്നതിൽനിന്ന്'' നാം നമ്മെത്തന്നെ സൂക്ഷിക്കണം (വാ. 2).

യേശുവിലുള്ള വിശ്വാസികളെന്ന നിലയിൽ, അസത്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. ജ്ഞാനം പ്രകടിപ്പിക്കാനും നമ്മുടെ വാക്കുകൾ സത്യമാണെന്ന് ഉറപ്പാക്കാനും നമുക്ക് ആവശ്യമുള്ളത് അവിടുന്ന് നൽകട്ടെ.